Sunday, October 10, 2010

കാര്‍ലോസ് ടെവസ് വിരമിക്കുന്നു ???

>> Sunday, October 10, 2010


ഇപ്പോഴും യുവ താരമെന്ന് ഫുട്ബാള്‍ നിരീക്ഷകര്‍ പരാമര്‍ശിക്കുന്ന 26 - കാരനായ അര്‍ജന്റീന സ്ട്രൈക്കര്‍ കാര്‍ലോസ് ടെവസ് ഉടന്‍ സജീവ ഫുട്ബാളില്‍ നിന്നും വിരമിച്ചേക്കാമെന്ന് സൂചന. ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കു വേണ്ടി കളിക്കുന്ന ടെവസ് നിലവില്‍ ക്ലബ്ബിന്റെ ക്യാപ്ടനും മുന്നേറ്റ നിരയിലെ പ്രധാന താരവുമാണ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ ആണ് ടെവസ് തന്റെ തീരുമാനം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ടെവസ് ലോകകപ്പിന് ശേഷം വിരമിചെക്കുമെന്നു വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ അന്ന് അതിനെ എല്ലാം നിഷേധിച്ചിരുന്ന ടെവസ് കളിക്കളത്തിലെ ഭാരം തനിക്കു താങ്ങാനാവുന്നില്ല എന്നാണു ഇപ്പോള്‍ പ്രതികരിച്ചത്. വളരെ ചെറു പ്രായം മുതലേ ഫുട്ബാള്‍ കളിക്കുന്ന തനിക്കു ഈയിടെയായി ശാരീരികമായും മാനസികമായും വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. എപ്പോഴെന്നു തീര്‍ത്ത്‌ പറയാന്‍ കഴിയില്ല എങ്കിലും ആ ദിനം അധികം അകലെ അല്ല എന്ന് അദ്ദേഹം സൂചിപ്പിച്ചു.‍ ചില കളിക്കാരെ പോലെ ദേശീയ ടീമില്‍ നിന്നും വിരമിച്ചു ക്ലബ്ബ് ഫുട്ബാളില്‍ മുഴുകുന്ന തീരുമാനമല്ല തന്റെതെന്നും ടെവസ് വ്യക്തമാക്കി. അത് കൊണ്ട് തന്നെ ഇപ്പോഴത്തെ ടെവസിന്റെ വാക്കുകള്‍ ഫുട്ബാള്‍ സ്നേഹികളെ നിരാശയിലാഴ്ത്തുകയാണ്. ഇനിയും ധാരാളം ഫുട്ബാള്‍ അദ്ദേഹത്തില്‍ ഉണ്ടെന്നു അവര്‍ കരുതുന്നു. വന്‍ തുക നല്‍കി ബദ്ധശത്രുക്കളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും കൊണ്ടുവന്ന ടെവസിന്റെ പ്രഖ്യാപനം ഏറ്റവും ഞെട്ടിച്ചിരിക്കുന്നത് സിറ്റി അധികൃതരെയാണ്. ടെവസിന്റെ വിരമിക്കലിനെ കുറിച്ചു തങ്ങള്‍ക്കു അറിവൊന്നും ഇല്ലെന്നും ടെവസുമായി 5 വര്‍ഷത്തെ കരാറാണ് സിറ്റിക്കുള്ളതെന്നും അതില്‍ ഒരു വര്‍ഷം മാത്രമാണ് കഴിഞ്ഞിട്ടുള്ളതെന്നും അവര്‍ വ്യക്തമാക്കി. അടുത്ത നാല് വര്‍ഷവും സിറ്റി ഓഫ് മാഞ്ചസ്റ്റര്‍ സ്‌റ്റേഡിയത്തില്‍ നായകനായി ടെവസ് ഉണ്ടാകുമെന്ന് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാര്യങ്ങള്‍ എന്തൊക്കെ ആയാലും യൂറോപ്യന്‍ ഫുട്ബാളിലെ മത്സരച്ചൂട് താങ്ങാന്‍ പലര്‍ക്കും കഴിയുന്നില്ല എന്നതൊരു വാസ്തവം തന്നെയാണ്. പെലെയെ പോലെ ഉള്ള കളിക്കാര്‍ യൂറോപ്യന്‍ ലീഗിനോട് വിമുഖത കാട്ടിയതും ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ആയിരുന്നു. പണക്കൊഴുപ്പും ആരാധകരുടെ ആവേശവും എല്ലാം കളിക്കാരെ വലിയ സമ്മര്‍ദ്ദത്തില്‍ ആഴ്ത്തുന്നുണ്ട്. ചെറിയ പിഴവുകള്‍ക്ക് പോലും വന്‍ അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത് താരങ്ങളെ മാനസികമായി തളര്‍ത്തുന്നുണ്ട് എന്നത് വാസ്തവം തന്നെയാണ്. അര്‍ജന്റീനയുടെ തന്നെ മുന്‍ താരം യുവാന്‍ റോമന്‍ റിക്വേല്മി 28 - ആം വയസ്സില്‍ ഫുട്ബാളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞതും സമാനമായ കാര്യങ്ങളായിരുന്നു. ഇതാ ഇപ്പോള്‍ ടെവസും. യദാര്‍ത്ഥത്തില്‍ നൈസര്‍ഗികമായ കളിമികവു കളിക്കളങ്ങളില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണോ?

Read more...
.........

ഗാലറിയില്‍ വന്നവര്‍...

ജാലകം
© - c n ramdas- 2009 -