Thursday, August 26, 2010

കടത്തില്‍ മുങ്ങിയ ലിവര്‍പൂള്‍ കളത്തിലും മങ്ങുന്നു?

>> Thursday, August 26, 2010

കഴിഞ്ഞ സീസണിന്റെ മദ്ധ്യം വരെ ഇംഗ്ലണ്ടിലെ എന്നല്ല യൂറോപ്പിലെ തന്നെ മുന്‍നിരക്കാരായിരുന്നു "റെഡ്‌സ്‌" എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിച്ചിരുന്ന ലിവര്‍പൂള്‍ ഫുട്ബാള്‍ ക്ലബ്ബ്. 1989-90 വര്‍ഷം ഒന്നാം ഡിവിഷന്‍ ചാമ്പ്യന്മാരായ ശേഷം പ്രീമിയര്‍ ലീഗ് ഇതുവരെ കിട്ടാക്കനിയെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ റാഫേല്‍ ബനിറ്റസിന്റെ ശിക്ഷണത്തില്‍ സ്റ്റീഫന്‍ ജെരാര്‍ഡും കൂട്ടരും യൂറോപ്യന്‍ കളങ്ങളില്‍ തങ്ങളുടെ മികവു തെളിയിച്ചു കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ ചെല്‍സിക്കും മാഞ്ചെസ്റ്റര്‍ യുെൈണറ്റഡിനും ആഴ്‌സണലിനും
ഒപ്പം "ബിഗ്‌ ഫോര്‍" എന്ന് അവരെ വിശേഷിപ്പിക്കാന്‍ നിരൂപകര്‍ക്കും മടിയുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുറത്തു വിട്ട വന്‍ സാമ്പത്തിക ബാധ്യത വിവരം ക്ലബ്ബിനെ ഇത്ര പെട്ടെന്ന് പിന്നിരയിലെക്കടിക്കുമെന്നു ആരും കരുതി കാണില്ല.

മുന്‍പ് തായ്‌ലണ്ട്‌ പ്രധാന മന്ത്രി ശ്രീ തക്ഷിന്‍ ഷിനവത്ര പോലും ( ഷിനവത്ര പിന്നീട് മാഞ്ചെസ്റ്റര്‍ സിടിയെ സ്വന്തമാകി അത് അറബികള്‍ക്ക് മരിച്ചു കൊടുത്തത് മറ്റൊരു ചരിത്രം )വില പേശി പരാജയപ്പെട്ട ക്ലബ്ബിനെ ഇപ്പോള്‍ ആരും വാങ്ങാനില്ലാത്ത ഒരവസ്ഥയിലെത്തിയതിനു പിന്നാലെയാണ് ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്ന് പറയും പോലെ ആരാധകരെ നിരാശയിലാഴ്ത്തിക്കൊണ്ട് ടീം മത്സരങ്ങളില്‍ പരാജയം തുടര്‍ക്കതയാക്കിയത്. കഴിഞ്ഞ സീസണില്‍ എഴാമാതായാണ് ഈ മുന്‍ ചാമ്പ്യന്മാര്‍ ഫിനിഷ് ചെയ്തത്. അടുത്ത കാലത്തെ ചരിത്രങ്ങളെടുത്താല്‍ ടീമിന്റെ ഏറ്റവും മോശം പ്രകടനം. ഹാരി റെഡ്‌നാപ്പിന്റെ മന്ത്രികതയില്‍ ടോട്ടന്‍ഹാമും അറബിപണത്തിന്റെ കൊഴുപ്പില്‍ മുന്നേറിയ മാഞ്ചെസ്റ്റര്‍ സിറ്റിയും മുന്നേറിയതിനു പുറമേ ആസ്ടന്‍ വില്ലയും മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരെ മറി കടന്നു. അതോടെ നാലുവര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ട പരിശീലകന്‍ ബനിറ്റസ്‌ ടീമിന്റെ ദുര്‍ദശ കണ്ടു പുതിയ മേച്ചില്‍ പുറങ്ങള്‍ക്കായി തിരച്ചിലും തുടങ്ങി.

ഹോസെ മൗറീഞ്ഞോ പോയ ഒഴിവില്‍ ഇന്റര്‍ മിലാനിലേക്ക് ബനിറ്റസ്‌ കളം മാറിയപ്പോള്‍ ലിവര്‍പൂളില്‍ ഫുള്‍ഹാമിന്റെ കോച്ചായിരുന്ന റോയ് ഹഡ്‌സണാണ്‌ പകരമെത്തിയത്. സുപ്പെര്‍ താരങ്ങളായ ജെറാര്‍ഡിനെയും ഫെര്‍ണാണ്ടോ ടോറസ്സിനെയും നിലനിര്‍ത്തുന്നതില്‍ വിജയിച്ചെങ്കിലും യോസ്സി ബെനയുന്‍ ചെല്‍സിയിലേക്ക് കൂട് മാറിയത് ക്ലബ്ബിന്റെ മധ്യനിരയെ ബാധിക്കുമെന്നത് ഉറപ്പായിരുന്നു. മുന്‍ വര്‍ഷം സാവി അലോണ്‍സോ റയല്‍ മാഡ്രിഡിലേക്ക്‌ പോയതോടെ നിര്‍ജീവമായിരുന്ന മധ്യനിരയെ അല്പമെങ്കിലും സജീവമാക്കിയിരുന്നത്‌ ബെനയുനും അര്‍ജെന്റിന നായകനായ ജാവിയര്‍ മസ്കരനോയുമായിരുന്നു. ഒടുവില്‍ കേട്ട വാര്‍ത്തകള്‍ അനുസരിച്ച് മസ്‌കരാനോ ബാഴ്‌സിലോണയിലേക്ക് വണ്ടി കയറിയാല്‍ ലിവര്‍പൂളിന്റെ അവസ്ഥ കൂടുതല്‍ പരിതാപകരമായെക്കും. അതോടെ ഇപ്പോള്‍ ടീമിനൊപ്പം നില്‍ക്കുന്ന പലരും ടീമിനെ കയ്യോഴിയാനും സാധ്യതയുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം റോമയില്‍ നിന്നും കൊണ്ട് വന്ന അക്വിലാനിയെ തിരികെ ഇറ്റലിയിലെ യൂവന്റസിന് നല്‍കേണ്ടി വന്നത് സാമ്പത്തികമായി വന്‍ നഷ്ടവുമായി. ഹോളണ്ട്‌ താരം ഡിര്‍ക്ക് ക്യുയ്റ്റ്‌ തന്റെ പഴയ പരിശീലകനായ ബനിറ്റസിന്റെ ഇന്റര്‍ മിലാനിലേക്ക് കൂട് മാറാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നു അണിയറ വാര്‍ത്തകള്‍ വന്നു തുടങ്ങിക്കഴിഞ്ഞു. അതിനെക്കാള്‍ ഗുരുതരമായ സംഭവമുണ്ടായത് കഴിഞ്ഞ ദിവസമാണ്. ബാഴ്‌സിലോണയിലേക്ക് പോകാന്‍ തന്നെ അനുവദിക്കാതെ ഇനി ലിവര്‍പൂളിനു വേണ്ടി കളിക്കില്ലെന്ന് പറഞ്ഞു മസ്‌കരാനോ മാഞ്ചെസ്റ്റര്‍ സിറ്റിയുമായുള്ള മത്സരത്തില്‍ പുറത്തിരുന്നത് വരാനിരിക്കുന്ന തകര്‍ച്ചയുടെ മുന്നോടിയായിട്ടാണ് പലരും കാണുന്നത്.

ഇതെല്ലം അണിയറയിലെ സംഭവങ്ങളെങ്കില്‍ കളിക്കളത്തില്‍ അതിലും പരിതാപകരമാണ് അവസ്ഥ. ഏറെ പ്രതീക്ഷയോടെ കൊണ്ട് വന്ന ജോ കോള്‍ ആദ്യ മത്സരത്തില്‍ തന്നെ ചുവപ്പ് കാര്‍ഡു കണ്ടത് ആഴ്‌സണലുമായുള്ള മത്സരത്തില്‍ തിരിച്ചടിയായി. തുടര്‍ന്ന് നടന്ന യൂറോപ്പ ലീഗ് മത്സരത്തില്‍ പെനാല്‍റ്റി കിക്ക് പാഴാക്കുകയും ചെയ്തതോടെ കോള്‍ ആരാധകരുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ്. പക്ഷെ അതിനെക്കാള്‍ തിരിച്ചടി നേരിട്ടത് സിറ്റി ഓഫ് മാഞ്ചെസ്റ്റര്‍ സ്റ്റേഡിയത്തിലാണ്. ലിവര്‍പൂളിന്റെ പിഴവുകളെല്ലാം തെളിഞ്ഞ ആ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ മാഞ്ചെസ്റ്റര്‍ സിറ്റിയോട് തോറ്റത്. മുന്‍ നിരയിലെ മിന്നല്‍ പിണരുകള്‍ ആയ ടോരസ്സും എന്‍ ഗോഗും പന്ത് കിട്ടാതെ അലയുന്ന കാഴ്ച അത്ര ദയനീയമായിരുന്നു. നിലവില്‍ ലീഗില്‍ പതിനാറാം സ്ഥാനത്താണ് ലിവര്‍പൂള്‍. രണ്ടു വര്‍ഷം മുന്‍പ് ന്യൂ കാസിലിനു നേരിട്ട ദുര്‍വിധി തന്നെ ആയിരിക്കുമോ ഇത്തവണ ലിവര്‍പൂളിനെ കാത്തിരിക്കുന്നത്? ആകാതിരിക്കട്ടെ എന്ന് " You Will Never Walk Alone" എന്ന് പാടുന്ന ആരാധകര്‍ക്കൊപ്പം നമുക്കും പ്രാര്‍ഥിക്കാം.

Read more...
.........

ഗാലറിയില്‍ വന്നവര്‍...

ജാലകം
© - c n ramdas- 2009 -